ജീവചരിത്രരേഖ

മാവേലിക്കര ചെറുകോല്‍ മുണ്ടുവേലില്‍ വൈദ്യന്‍ കൊച്ചിട്ടി കൊച്ചിട്ടിയുടെയും ഈഴേക്കടവില്‍ മറിയാമ്മ കൊച്ചിട്ടിയുടെയും രണ്ടാമത്തെ മകന്‍. ജനനം 1918 ഡിസംബര്‍ 9-ന്. ജോര്‍ജ്ജുകുട്ടി എന്നായിരുന്നു ഓമനപ്പേര്.

ചെറുകോല്‍ സാല്‍വേഷന്‍ ആര്‍മി സ്കൂളില്‍ ഏഴാം ക്ലാസ്സ് വരെ പഠിച്ചു. പത്തിച്ചിറ സെന്‍റ് ജോണ്‍സ്, മാവേലിക്കര ബി. എച്ച് എന്നിവിടങ്ങളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം
ശാസ്താംകോട്ട സെന്‍റ് ജോണ്‍സ് റൂറല്‍ ബേസിക് ട്രെയിനിംഗ് സ്കൂളില്‍ റ്റി. റ്റി. സി. (1941-43) പാസ്സായി. ഇടയാറന്മുള ഫ്രീ സ്കൂളിലും മാവേലിക്കര ബി. എച്ച് ഹൈസ്ക്കൂളിലും പത്തിച്ചിറ സെന്‍റ്ജോണ്‍സ് സ്കൂളിലും അദ്ധ്യാപകന്‍. മാവേലിക്കരയില്‍ ഒരു വാടക കെട്ടിടത്തില്‍ 1953-ല്‍ ‘സുവിശേഷാലയം’ ആരംഭിച്ചു. ജബല്‍പ്പൂര്‍ ലേണാര്‍ഡ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ബി. ഡിയും (1943-47) അമേരിക്കയില്‍ ന്യൂജേഴ്സിയിലെ ഡ്രൂ (ഉൃലം) യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിലോസഫിയില്‍ എം.എ. യും ന്യൂയോര്‍ക്കിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും എസ്.റ്റി.എം. ഉം കരസ്ഥമാക്കി (1948-51). സെറാംമ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും 1993-ല്‍ ഡോക്ടറേറ്റ് നേടി.

പ്രശസ്ത വേദശാസ്ത്രജ്ഞരായ പോള്‍ ടില്ലിക്ക് (Paul Tillich 1886-1965), റെനോള്‍ഡ് നീബുര്‍ (Reinhold Niebuhr1892-1971), ജോര്‍ജസ് ഫ്ളോറോവ്സ്ക്കി (Georges Florovsky 1893-1979), എഡ്വിന്‍ ലൂയിസ് (Edwin Lewis 1881-1959) എന്നിവരുടെ മുഖ്യ ശിക്ഷണത്തില്‍ അമേരിക്കയില്‍ വേദശാസ്ത്രം അഭ്യസിച്ചു. 1952 മുതല്‍ കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയില്‍ അദ്ധ്യാപകന്‍ (1952-2008).

1948 ആഗസ്റ്റ് 8-ന് ഔഗേന്‍ മാര്‍ തീമോത്തിയോസില്‍ നിന്ന് പഴയസെമിനാരിയില്‍ വച്ച് കോറൂയോ പട്ടവും ദേവലോകം അരമനയില്‍ വച്ച് പരിശുദ്ധ ഗീവറുഗീസ് ദ്വിതീയന്‍ ബാവായില്‍ നിന്നും 1956 മെയ് 9-ന് പൂര്‍ണ്ണശെമ്മാശുപട്ടവും മെയ് 10-ന് വൈദിക പട്ടവും ലഭിച്ചു. 1965 ഡിസംബര്‍ 28-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസ്സിയേഷന്‍ ‘മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്’ തെരഞ്ഞെടുത്തെങ്കിലും പ. സുന്നഹദോസ് ആ തീരുമാനം വീറ്റോ ചെയ്തതിനാല്‍ സ്ഥാനം ലഭ്യമായില്ല. 1974 ഒക്ടോബര്‍ 2-ന് നിരണം സെന്‍റ് മേരീസ് വലിയപള്ളിയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസ്സിയേഷന്‍ മെത്രാന്‍ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുത്തു. 1975 ഫെബ്രുവരി 15-ന് ശനിയാഴ്ച പുത്തന്‍കാവ് സെന്‍റ് മേരീസ് പള്ളിയില്‍ വച്ച് ദാനിയേല്‍ മാര്‍ പീലക്സിനോസ് റമ്പാന്‍ സ്ഥാനം നല്‍കി. 1975 ഫെബ്രുവരി 16-ന് ഞായറാഴ്ച നിരണം സെന്‍റ് മേരീസ് വലിയപള്ളിയില്‍ വച്ച് പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ, ‘ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ്’ എന്ന പേരില്‍ മെത്രാപ്പോലീത്തായാക്കി. 1976 ഏപ്രില്‍ ഒന്നിന് നിരണം ഭദ്രാസനാധിപനായി ചുമതലയേറ്റു. 2005 ജൂലൈ മൂന്നിന് ഭദ്രാസന ഭരണത്തില്‍നിന്നും വിരമിച്ചു. 2008 ജനുവരി 27 ന് പ. ബസ്സേലിയോസ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ ‘മലങ്കരസഭാരത്നം’ ബഹുമതി നല്‍കി ആദരിച്ചു.

കോട്ടയം ഏലിയാ കത്തീഡ്രല്‍, കല്‍ക്കട്ട സെന്‍റ് ജോര്‍ജ്ജ്, ചങ്ങനാശ്ശേരി സെന്‍റ് തോമസ്, കാരാപ്പുഴ മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍, കുഴിമറ്റം സെന്‍റ് ജോര്‍ജ്ജ് എന്നിവിടങ്ങളില്‍ വൈദിക ശുശ്രൂഷ നിര്‍വ്വഹിച്ചു. സൗദി അറേബ്യയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കോണ്‍ഗ്രിഗേഷന്‍റെയും(1975) ‘മരുഭൂമിയിലെ നീരുറവ’ എന്ന സഹായനിധിയുടെയും സ്ഥാപകന്‍.

അഖില ലോക സഭാ കൗണ്‍സില്‍ ഫെയ്ത്ത് ആന്‍ഡ് ഓഡര്‍ കമ്മീഷനിലും പ്രോ-ഓറിയന്‍റേ ഫൗണ്ടേഷനിലും അംഗമായിരുന്നു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സ്, ബൈബിള്‍ സൊസൈറ്റി കേരളാ ഓക്സിലറി, ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം, സ്ലീബാദാസ സമൂഹം എന്നിവയുടെ പ്രസിഡന്‍റായിരുന്നു; ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയുടെ വൈസ് പ്രിന്‍സിപ്പലും.

അഖിലലോക സഭാകൗണ്‍സിലിന്‍റെ വിവിധ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിവിധ രാജ്യാന്തര-ദേശീയ സമ്മേളനങ്ങളില്‍ 1952 മുതല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു.

സാമൂഹിക ആതുര ശുശ്രൂഷാരംഗങ്ങളില്‍ വിവിധ പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രാരംഭമിട്ടു. 1958-ല്‍ സെന്‍റ് പോള്‍സ് സുവിശേഷ സംഘവും 1959-ല്‍ പുതുപ്പാടി സെന്‍റ് പോള്‍സ് ആശ്രമവും, 1978-ല്‍ കന്യാസ്ത്രീ മഠവും ആരംഭിച്ചു. മാവേലിക്കര സുവിശേഷാലയം 1979-ല്‍, സെന്‍റ് പോള്‍സ് മിഷന്‍ ട്രെയിനിംഗ് സെന്‍ററായി ഉയര്‍ത്തി, മലങ്കരസഭയില്‍ മിഷന്‍ പഠനത്തിനും പ്രവര്‍ത്തനത്തിനും പുതിയ ദിശപകര്‍ന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയെ മിഷനറി സഭയാക്കി ഭാരതം മുഴുവന്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുകയായിരുന്നു മുഖ്യ ലക്ഷ്യം. അതിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു.

ക്രിസ്തീയ വേദശാസ്ത്രത്തിലും ഇന്ത്യന്‍ ഫിലോസഫിയിലും അവഗാഹം നേടി. സ്നേഹത്തിലധിഷ്ഠിതമായ ത്രിത്വ വേദശാസ്ത്രത്തിന്‍റെ സിദ്ധാന്തവും പ്രയോഗവും ശാസ്ത്രീയമായി ആവിഷ്ക്കരിച്ചു. ഇത് സാമൂഹിക നീതിയില്‍ അടിസ്ഥാനമിട്ട ദര്‍ശനമാണ്. പ്രമുഖ വേദശാസ്ത്രജ്ഞനും ദാര്‍ശനികനും എന്ന നിലയില്‍ എക്യുമെനിക്കല്‍ രംഗത്ത് രാജ്യാന്തര പ്രശസ്തി നേടി. കണ്‍വന്‍ഷന്‍ പ്രസംഗങ്ങളില്‍ക്കൂടി അനേകരെ മിഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും ആതുരശുശ്രൂഷാ രംഗത്തേക്കും വൈദിക ശുശ്രൂഷയിലേക്കും ആകര്‍ഷിച്ചു.

Theology of Classless society, The Sin of Being Rich in a Poor World, Sharing God and a Sharing World, One Religion of Love, അത്രൈത വേദശാസ്ത്രം എന്നീ ഗ്രന്ഥങ്ങള്‍ അന്തര്‍ദ്ദേശീയ പ്രശസ്തി നേടി. ഇംഗ്ലീഷിലും മലയാളത്തിലുമായി 60 ലധികം ഗ്രന്ഥങ്ങളും ആയിരത്തില്‍പ്പരം പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. 1979 മുതല്‍ മിഷന്‍ ബോര്‍ഡിന്‍റെയും 1984 മുതല്‍ നാഷണല്‍ അസോസ്സിയേഷന്‍ ഫോര്‍ മിഷന്‍ സ്റ്റഡീസിന്‍റെയും പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു.
2012 ഫെബ്രുവരി 16-നു നിത്യതയില്‍ പ്രവേശിച്ചു. മാവേലിക്കര സെന്‍റ് പോള്‍സ് ചാപ്പലില്‍ കബറടക്കി.

(തയ്യാറാക്കിയത്: ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍)